ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പാതയോരങ്ങളിലെ വീടുകളിൽ മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടാകുന്നത് തടയാൻ ദേശീയപാത അഥോറിറ്റി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലയിലെ പുരോഗതി വിലയിരുത്തുന്നതിനായി ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ദിശ കോ-ചെയർമാൻ കൊടിക്കുന്നിൽ സുരേഷ് എംപിയും സന്നിഹിതനായിരുന്നു.
പാതയോരങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓട സംവിധാനം കുറ്റമറ്റ രീതിയിൽ ഉടൻ നടപ്പാക്കണം. കായംകുളത്ത് ഉയരപ്പാത നിർമിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണം. ഇതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ല. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഎച്ച്എഐ ചെയർമാനുമായി ഉടൻ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാർഥികൾക്ക് ബാങ്കുകൾ വിദ്യാഭ്യാസ ലോൺ ഉറപ്പാക്കണമെന്നും ഇതിൽ കാലതാമസം വരുത്തരുതെന്നും എംപി പറഞ്ഞു. ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ എത്ര വിദ്യാർഥികൾക്ക് ഇതുവരെ വിദ്യാഭ്യാസ ലോൺ അനുവദിച്ചിട്ടുണ്ടെന്നതിനെപ്പറ്റി വിശദമായ റിപ്പോർട്ട് നൽകാൻ ലീഡ് ബാങ്ക് മാനേജരോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ എത്ര കയർ-മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുദ്ര ലോൺ അനുവദിച്ചിട്ടുണ്ടെന്ന റിപ്പോർട്ടും സമർപ്പിക്കണം.
തൊഴിലുറപ്പ് പദ്ധതിയിൽ സാധ്യമായ പരമാവധി ജോലികൾ കണ്ടെത്തി കൂടുതൽ പേർക്ക് തൊഴിൽ നൽകണം. പദ്ധതി നടപ്പാക്കുന്നതിൽ പിന്നിൽ നിൽക്കുന്ന ബ്ലോക്കുകളിലെ ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം. ജല്ജീവന് മിഷൻ പദ്ധതിക്ക് മുന്തിയ പരിഗണന നൽകി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ആലപ്പുഴ ജില്ലയിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളിലെ എം.പി.ലാഡ്സ് പദ്ധതികളുടെ നിർവഹണം മന്ദഗതിയിലാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി. കളക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ എംപി ലാഡ്സ് പദ്ധതികളുടെ പ്രത്യേക അവലോകനയോഗം ചേർന്ന്പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ എംപി ആവശ്യപ്പെട്ടു.
മാവേലിക്കര, ചെങ്ങന്നൂർ ആശുപത്രികളിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങളിൽ എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.